തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്; സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം
തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വകുപ്പ് മേധാവികളും ദേവസ്വം അധികൃതരും യോഗം ചേര്‍ന്നു. പൂരത്തിന്റ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന നാലാമത്തെ യോഗമാണ് ഇത്, ആദ്യത്തെ യോഗം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് 1 ന് ഓൺലൈൻ ആയി നടന്നു. ഈ വർഷത്തെ പൂരം കൂടുതൽ ആളുകൾക്ക് ആസ്വദിക്കാനായി സുരക്ഷക്ക് മുന്‍തൂക്കം നല്‍കി അതിഗംഭീരമായി നടത്താനാണ് തീരുമാനം. പതിനെണ്ണായിരം പേര്‍ക്ക് അധികമായി സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ സൗകര്യം ഒരുക്കും. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ എല്‍ഇഡി വാളുകളും സിസിടിവി ക്യാമറകളും സ്ഥാപിക്കും. ആനച്ചമയം എക്സിബിഷനിലും കൂടുതല്‍ മെഡിക്കല്‍ ടീമുകളെ വിന്യസിക്കും. ഗതാഗത നിയന്ത്രണം, ആവശ്യമില്ലാത്ത ബാരിക്കേഡുകൾ ഒഴിവാക്കൽ, ക്രമസമാധാന ഉറപ്പാക്കൽ, വാഹന ഗതാഗത ക്രമീകരണം, ഹെലി ക്യാമറ ഉപയോഗം എന്നിവ കൃത്യമായി പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക കണ്‍ട്രോള്‍ റൂമുകളും തുറക്കും. വനം-ദേവസ്വം വകുപ്പുകളും കോര്‍പ്പറേഷനും ചേര്‍ന്ന് മൈതാനത്തിലെ അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘവും, ആവശ്യമായ ആംബുലന്‍സുകളും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കും. ഭക്ഷണത്തിന്റെ വൃത്തിതലവും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡും നിയോഗിക്കും. ആവശ്യത്തിന് ഇ-ടോയ്‌ലറ്റുകള്‍ ഒരുക്കാനുമാണ് തീരുമാനമായത്. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ഭദ്രമായൊരു പൂരം ഒരുക്കുകയാണ്. കളക്ടറേറ്റ് എക്‌സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, എഡിഎം ടി. മുരളി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.